മുത്തശിയുടെ വേർപാടിൽ ഹൃദയം തകർന്ന് നടി അനു സിത്താര. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തണലുകളിലൊന്നാണ് നഷ്ടപ്പെട്ടതെന്നും അടുത്ത ജന്മത്തിലും ഈ ഉമ്മൂമ്മയുടെ തന്നെ പേരക്കുട്ടിയായി ജനിക്കണം എന്ന ആഗ്രഹവും അനു പങ്കുവച്ചു.
ഉമ്മൂമ്മയ്ക്കൊപ്പമുള്ള മനോഹര നിമിഷങ്ങൾ കോർത്തിണക്കിയുള്ള വീഡിയോയും കുറിപ്പിനൊപ്പം കാണാം.
‘‘എന്റെ ഉമ്മ (ഉമ്മൂമ്മ) ഇനി ഇല്ല... കുട്ടിക്കാലം മുതൽ ഉമ്മ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാളായിരുന്നു. ഉമ്മ പറഞ്ഞുതന്ന കഥകളും പാടിത്തന്ന പാട്ടുകളും എല്ലാം എനിക്ക് ഇപ്പോഴും കേൾക്കാൻ കഴിയുന്നുണ്ട്... എന്റെ അടുത്തുതന്നെ ഇരുന്ന് ‘മോളേ’ എന്ന് വിളിക്കുന്നത് പോലെ..
എന്നും സന്തോഷവതിയായി ഇരിക്കുന്ന ഉമ്മയെയാണ് ഞാൻ കൂടുതലായും കണ്ടിട്ടുള്ളത്. പരാതികളില്ലാതെ, പരിഭവങ്ങളില്ലാതെ ഞങ്ങളെയൊക്കെ ഒരുപാട് സ്നേഹിച്ച്, ഒരുപാട് നല്ല ഓർമകൾ ബാക്കിവച്ച് എന്റെ ഉമ്മ പോയി...
ഇടയ്ക്ക് ഉമ്മ സുധീർ ആപ്പയുടെ അടുത്തും സുൽഫി ആപ്പയുടെ അടുത്തും ഒക്കെ പോകുമ്പോൾ, "പോകല്ലേ ഉമ്മ" എന്ന് പറഞ്ഞ് ഞാനും അനിയത്തിയും വാശി പിടിക്കുമായിരുന്നു. ഇപ്പോഴും അതുപോലെ വാശി പിടിക്കാൻ തോന്നുകയാണ്... ‘ഉമ്മ പോകല്ലേ’ എന്ന് പറഞ്ഞ്..
അമ്പലങ്ങളിൽ ഉത്സവ സമയത്ത് ഞങ്ങൾ പരിപാടികൾ അവതരിപ്പിക്കുമ്പോൾ, ഒരു തട്ടവുമിട്ട് ഉമ്മയ്ക്ക് വരാൻ പറ്റുന്ന അമ്പലങ്ങളിലെല്ലാം സന്തോഷത്തോടെ ഞങ്ങളുടെ കൂടെ വന്ന്, പരിപാടി കാണാൻ മുൻനിരയിൽ തന്നെ സീറ്റ് പിടിച്ചിരിക്കുന്ന ഉമ്മയെ ഓർക്കുമ്പോൾ എനിക്ക് അഭിമാനമാണ്. ആ ഉമ്മയുടെ പേരക്കുട്ടിയായി ജനിച്ചതിനേക്കാൾ വലിയൊരു ഭാഗ്യം ഇനി എനിക്ക് കിട്ടാനില്ല.
ഒരിക്കൽ കൂടി ഉമ്മയുടെ അടുത്ത് ഇരിക്കണം...ഉമ്മയുടെ കഥകൾ കേൾക്കണം, ഉമ്മയുടെ കവിളിൽ ഒരുപാട് ഉമ്മകൾ നൽകണം... തമാശകൾ പറഞ്ഞ് ഉമ്മയെ ചിരിപ്പിക്കണം... എനിക്ക് വേണ്ടി ഉമ്മ പ്രത്യേകം ഉണ്ടാക്കിത്തരുന്ന ആ ചായ കുടിക്കണം... ഉമ്മയെ കെട്ടിപ്പിടിച്ചു കിടക്കണം..
ഇനിയുമൊരു ജന്മമുണ്ടെങ്കിൽ എന്റെ ഉമ്മയുടെ പേരക്കുട്ടിയായി തന്നെ എനിക്ക് വീണ്ടും ജനിക്കണം..’’അനു സിത്താര കുറിച്ചു.
നിലമ്പൂർ ആണ് ഉമ്മൂമ്മയുടെ സ്വദേശമെന്നും വാപ്പയും മറ്റു മക്കളുമൊത്ത് മുപ്പത് വർഷങ്ങൾക്കു മുമ്പ് വയനാട്ടിലേക്ക് കുടിയേറിയവരാണ് ഇവരെന്നും അനു സിത്താര പറയുന്നു.
അബ്ദുൾ സലാമിന്റെയും നർത്തകിയായ രേണുകയുടെയും മകളാണ് അനു സിത്താര. അനുവിനൊരു സഹോദരിയാണുള്ളത്, പേര് സോനാര.